Thursday, June 27, 2013

             
                   സഹയാത്രികനായ ജിന്ന് 


കുറ്റിപ്പുറത്തു നിന്നും കോഴിക്കോട്ടേയ്ക്കുള്ള തീവണ്ടിയാത്രക്കിടയിലാണ് ഞാന്‍ ആദ്യമായും അവസാനമായും ജിന്നിനെ കണുന്നത്. പാതിരാത്രിയില്‍ മലബാര്‍ എക്സ്പ്രസ്സ് തീവണ്ടിയിലെ തിരക്ക് കുറഞ്ഞ തീവണ്ടിമുറിയിയുടെ മൂലയില്‍  നീണ്ടുമെലിഞ്ഞ ഒരാള്‍ പുറത്തേക്ക് നോക്കികൊണ്ടിരിക്കുകയാണ്. യാത്രക്കാര്‍ നന്നേ കുറവായിരുന്നു. യാത്രയുടെ വിരസത മാറ്റുവാനാണു ഞാന്‍ അയാളുമായി കുശലം പറഞ്ഞു തുടങ്ങിയത്. എന്‍റെ സൗഹൃദം അയാള്‍ക്ക്‌ അസഹ്യതയുണ്ടാക്കുന്നതായി എനിക്കു തോന്നി. അതിന്‍റെ നീരസം അയാള്‍ ഇടയ്ക്ക് പ്രകടിപ്പിക്കുകയും ചെയ്തു. വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോഴേക്കും അയാള്‍ സംസാരിച്ചു തുടങ്ങി. രാഷ്ട്രീയവും മതവും ചാറ്റിങ്ങും ചീറ്റിങ്ങും ഫെയ്സ്ബുക്കും എല്ലാം സംസാരവിഷയങ്ങളായി. താങ്കള്‍ ആരാണെന്ന എന്‍റെ ചോദ്യത്തിനു അല്പം മടിയോടെ അയാള്‍ പറഞ്ഞ മറുപടി  എന്നെ യഥാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ''ഞാന്‍ ജിന്നാണ്''. ഞാന്‍ അന്തംവിട്ടു വാ പൊളിച്ചിരുന്നു. ഇഫ്രീത്ത്ജിന്നിനെ എനിക്കറിയാം, ഇഫ്രീത്തിനെയും ഞാന്‍ കണ്ടിട്ടില്ല. അല്ലെങ്കിലും കണ്ടതിനേ മാത്രമേ വിശ്വസിക്കൂ എന്ന നിര്‍ബന്ധമൊന്നുമെനിക്കില്ല, അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയെയും  ഞാന്‍ കണ്ടിട്ടില്ല, എങ്കിലും അദ്ദേഹത്തിന്‍റെ കെട്ടിയവളെയും മക്കളെയും ഉള്‍പടെ എനിക്കറിയാമല്ലോ? അല്ലെങ്കിലും ജിന്നുകള്‍ എന്നും എനിക്ക് പ്രിയപ്പെട്ടവരാണ്. മനസില്‍ പ്രണയം മൊട്ടിട്ടു തുടങ്ങിയ കാലത്താണ്‌ ഞാന്‍ ആദ്യമായ് ആയിരത്തൊന്നുരാവുകള്‍ എന്ന അറബികഥ വായിക്കുന്നത്. അന്നും സുന്ദരിയായ ഷഹര്‍സാദയല്ല, അവള്‍ പറഞ്ഞ കഥയിലെ ഇസ്ഫഹത്ത് എന്ന  അതിസുന്ദരിയായ ജിന്നായിരുന്നു എന്നില്‍  കൂടുതല്‍ അഭിരമിച്ചത്. ഒരിക്കല്‍ കോഴിക്കോട് പാളയം പള്ളിക്കടുത്ത് വെച്ച്, മുഖം മറച്ച നിഖാബിനിടയിലൂടെ കണ്ടതു ഇസ്ഫഹത്തിന്റെ കണ്ണുകളാണെന്നാണ് ഇന്നും ഞാന്‍ വിശ്വാസിക്കുന്നത്.

അങ്ങനെ എന്‍റെ സഹയാത്രികനായ ജിന്ന് തുടര്‍ന്നു ''ഇപ്പോള്‍ നിങ്ങളുടെ നാട്ടില്‍ പ്രധാന ചര്‍ച്ച ജിന്നിനോടു സഹായം ചോദിക്കാമോ എന്നതും രമേശ്‌ചെന്നിത്തല മന്ത്രിയാകുമോ എന്നതുമാണ്‌, മന്ത്രിമാര്‍ക്ക് ഭരിക്കാന്‍ നേരമില്ല, എല്ലാവരും സോളാറിന്റെ പിന്നാലെയല്ലേ?''. ഒരു കാര്യം എനിക്ക് മനസിലായി. ജിന്നിനും ഫെയ്സ്ബുക്കില്‍ അക്കൌണ്ട് ഉണ്ട്, അതുപോലെ സ്ഥിരമായി പത്രം വായിക്കാറുമുണ്ട്. ഞാന്‍ ചോദിച്ചു ''അല്ല ജിന്നെ, നിങ്ങള്‍ ജിന്നുകള്‍ വലിയ സംഭവമല്ലേ? രമേശ്‌ മന്ത്രിയാകാനുള്ള സാധ്യതയുണ്ടോ?'' ജിന്നിന്‍റെ മുഖം കോപം കൊണ്ട് ചുവന്നു തുടുത്തു, ദേഷ്യം കടിച്ചമര്‍ത്താന്‍ പഴയ നടന്‍ ജയനെ പോലെ ജിന്ന് തീവണ്ടിയുടെ ജനാലകമ്പികള്‍ പിടിച്ചു വളച്ചു കൊണ്ടിരുന്നു. ഉപദേശം എന്ന പോലെ ജിന്ന് തുടര്‍ന്നു. ''ജിന്നിനെയും പടച്ചവനേയും ഒരുപോലെ കാണരുത്. സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ പടച്ചവനെ അറിയൂ, രമേശ്‌ മന്ത്രിയാകുന്നത് അവരുടെ പാര്‍ട്ടിക്കാര്യമാണ്''. പിന്നെ ഞാന്‍ ഒന്നും പറഞ്ഞില്ല, എങ്കിലും ഇത്രയും നേരത്തെ സംസാരത്തിനിടയ്ക്ക് മനസ്സില്‍ ഒരു സംശയം തോന്നി, ജിന്നൊരു വി.എസ്. അനുകൂല കമ്മ്യുണിസ്റ്റുകാരനാണോയെന്ന്. ജിന്നിനോടു സഹായം ചോദിക്കാമോ- എന്ന മുസ്ലിം പണ്ഡിത ചര്‍ച്ചയെ കുറിച്ച് ചോദിച്ചത് ജിന്നിനെ വല്ലാതെ ചൊടിപ്പിച്ചു. ജിന്നിന്‍റെ ചുണ്ടുകളുടെ കോണില്‍ പുച്ഛഭാവം പടരുന്നത്‌ ഞാന്‍ കണ്ടു. ജിന്ന് തുടര്‍ന്നു ''പണ്ടു കാലത്ത് ചില മൊല്ലമാര്‍ ഞങ്ങളെ വിറ്റ്‌ കാശുണ്ടാക്കിയിരുന്നു, ഇപ്പോള്‍ ആ പണി ചില മൌലവിമാരും തുടങ്ങിയിരിക്കുന്നു. ഓരോ വിടുവായിത്തം പറയാന്‍ കുറേ മൌലവിമാരും അത് ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യാന്‍ കുറേ ശിങ്കടിമാരും, ഇവര്‍ ആദ്യം മനുഷ്യന്മാരുടെ പ്രശ്നം തീര്‍ക്കട്ടെ. അത് കഴിഞ്ഞാവാം ജിന്നിന്‍റെ കാര്യത്തില്‍ ഇടപെടുന്നത്''. ജിന്നിന്‍റെ ശബ്ദത്തിനൊരു ട്രേഡ് യൂണിയന്‍ നേതാവിന്‍റെ സ്വരം ഉണ്ടായിരുന്നു. ഇയാള്‍ ഇനി ജിന്നുകളുടെ അഖിലേന്ത്യാ നേതാവാണോ എന്നെനിക്കറിയില്ല. എനിക്കറിയാത്ത ഏതോ ഭാഷയില്‍ ജിന്ന് പിറുപിറുത്ത് കൊണ്ടിരുന്നു. കേള്‍ക്കുമ്പോള്‍ ലാറ്റിന്‍ ഭാഷയുടെ ഏതൊ വകഭേദം പോലെ എനിക്ക് തോന്നി. ജിന്നിന്‍റെ കോപമോന്നും വകവെക്കാതെ ഞാന്‍ ചോദിച്ചു ''മരുഭൂമിയില്‍ ഒറ്റപ്പെട്ടാല്‍ ജിന്നിന്നോടു സഹായം ചോദിച്ചാല്‍ നിങ്ങള്‍ സഹായിക്കുമോ?'' ഒരു ദിനേശ് ബീഡിയ്ക്ക് തീ കൊടുത്തു കൊണ്ട് ജിന്ന് പറഞ്ഞു ''മരുഭൂമിയില്‍ ഒറ്റപ്പെട്ടാല്‍ മൊബൈലിനു റെയ്ന്‍ജുണ്ടെങ്കില്‍ പോലീസിനെയോ ഫയര്‍ ഫോഴ്സിനെയോ വിളിക്കണം, ജിന്നിനെ വിളിക്കാന്‍ നിന്നാല്‍ അവിടെ കിടന്നു ചത്തു പോകും. ജിന്നുകള്‍ക്ക്‌ സഹായിക്കാന്‍ ഒരുപാടു പ്രശ്നങ്ങള്‍ ജിന്നുകള്‍ക്കിടയില്‍  തന്നെയുണ്ട്‌, ഈ നൂറ്റാണ്ടിലും ഇത്തരം മണ്ടത്തരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാണമില്ലേ നിങ്ങള്‍ക്ക്, അല്ലപ്പിന്നെ''. പറയാന്‍ ഉത്തരമില്ലാതെ ഞാന്‍ ജിന്നിന്‍റെ മുന്നില്‍ നിന്ന് വിയര്‍ത്തു. കുറച്ചു കഴിഞ്ഞപ്പോള്‍ ജിന്ന്  ബര്‍ത്തില്‍ കയറി കിടന്നു. താഴെയിരിക്കുന്ന ബാഗ് എടുത്തു കൊടുക്കാമോ എന്ന് ഭവ്യതയോടെ ജിന്ന് ചോദിച്ചപ്പോള്‍ ഒരു കാര്യം ഞാന്‍ തിരിച്ചറിഞ്ഞു, ജിന്നിനെ നമ്മള്‍ അങ്ങോട്ടു സഹായിക്കേണ്ട അവസ്ഥയാണെന്ന്. ജിന്നുകള്‍ സാംസ്‌കാരികമായി മനുഷ്യനെക്കാള്‍ ഒത്തിരി മുന്നിലാണെന്ന് എനിക്ക് മനസിലായി. അപ്പോഴേക്കും കല്ലയിപാലം കഴിഞ്ഞിരുന്നു. തീവണ്ടി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയതും ഞാന്‍ ജിന്നിനോട് യാത്ര പറഞ്ഞു പരിഞ്ഞു. ട്രെയിനില്‍ നിന്നും പ്ലാറ്റ്ഫോമിലേയ്ക്ക് കാലെടുത്തുവെച്ചതും ഞാനുറങ്ങുന്ന കട്ടിലില്‍ നിന്നും താഴെ വീണതും ഒപ്പമായിരുന്നു. അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്, ഞാന്‍ ട്രെയിനിലുമല്ല, എന്‍റെ കൂടെ ജിന്നുമില്ല.


എങ്കിലും ആ രാത്രി എനിക്കുറങ്ങാനായില്ല. കണ്ടത് സ്വപ്നമാണെങ്കിലും ജിന്ന് പറഞ്ഞ കാര്യങ്ങള്‍ എന്‍റെ മനസിനെ വല്ലാതെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു. അപ്പോഴേക്കും ജിന്ന് എന്‍റെ മനസിനെ കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു. അല്ലെങ്കില്‍ ഞാന്‍ ഒരു ജിന്ന് കൂടിയ ഇന്സായി മാറിയിരുന്നു.




                      
                                 ജുബൈര്‍ വെള്ളാടത്ത്